Sunday 11 December 2011

‘പണമേ നിങ്ങളുടേതായുള്ളൂ. ഭക്ഷ്യവിഭവങ്ങള്‍ നിങ്ങളുടേതല്ല; സമൂഹത്തിന്‍േറതാണ്. ജനങ്ങള്‍ക്ക് ഉപകരിക്കുന്ന ആഹാരസാധനങ്ങള്‍ നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.’

ഇത് സ്വന്തം അല്ല ഈ നടപടിയോട് ഞാന്‍ യോജിക്കുന്നു, അത് കൊണ്ട് കോപ്പിയടിച്ചതാണ്.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുഹൃത്ത് തന്‍െറ കൂട്ടുകാരന്‍െറ ക്ഷണം സ്വീകരിച്ച് ജര്‍മനി സന്ദര്‍ശിച്ചതായിരുന്നു. ഹാംബര്‍ഗിലാണ് അദ്ദേഹത്തിന്‍െറ സുഹൃത്ത് ജോലി ചെയ്യുന്നത്. അദ്ദേഹം തന്‍െറ അതിഥിയെ സല്‍ക്കരിക്കാന്‍ നഗരത്തിലെ റസ്റ്റാറന്‍റിലേക്ക് കൂട്ടിക്കൊണ്ടുപോയി. പതിവുപോലെ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി.
റസ്റ്റാറന്‍റില്‍ ഭക്ഷണം കഴിക്കുന്നവരുടെ മേശപ്പുറത്തേക്ക് നോക്കിയപ്പോള്‍ മലയാളി സന്ദര്‍ശകന് വല്ലാത്ത വിസ്മയം തോന്നി. ജര്‍മന്‍കാരെ സംബന്ധിച്ച് താന്‍ കേട്ടതൊന്നും ശരിയല്ളെന്ന് അയാള്‍ക്ക് മനസ്സിലായി. താന്‍ ധരിച്ചതുപോലെ സമ്പന്നരല്ളെന്ന് മാത്രമല്ല, വളരെ ദരിദ്രരാണെന്നും അയാള്‍ വിചാരിച്ചു. റൊട്ടിയും ജാമുമാണ് പലരും കഴിക്കുന്നത്. രണ്ടും മൂന്നും പേര്‍ ഒരു റൊട്ടി പിച്ചിയെടുത്താണ് തിന്നുന്നത്.
കേരളീയ പതിവനുസരിച്ചാണ് മലയാളി ഭക്ഷണം വരുത്തിയത്. അത് റസ്റ്റാറന്‍റിലുള്ള പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു. രണ്ടുപേര്‍ക്ക് ഇത്രയേറെ വൈവിധ്യമുള്ള ഭക്ഷണമെന്നതായിരുന്നു അതിനുകാരണം. കൂട്ടത്തില്‍ ഒരു മേശക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മൂന്നു വൃദ്ധകള്‍ മലയാളികളെത്തന്നെ നിരീക്ഷിക്കാന്‍ തുടങ്ങി. മലയാളികള്‍ വരുത്തിയ ഭക്ഷണം മുഴുവന്‍ കഴിക്കുന്നുണ്ടോ എന്നാണ് അവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നത്.
അതുകൊണ്ടുതന്നെ മലയാളികള്‍ മേശയുടെ അടുത്തുനിന്ന് എഴുന്നേല്‍ക്കുന്നതുവരെ അവര്‍ സ്ഥലം വിട്ടില്ല. സ്വാഭാവികമായും മലയാളികളുടെ മേശപ്പുറത്തു കുറേ ഭക്ഷണം ബാക്കിയുണ്ടായിരുന്നു. ഇതുകണ്ട വൃദ്ധകള്‍ മാനേജറോട് പരാതി പറഞ്ഞു. തങ്ങളെ സംബന്ധിച്ചാണ് സംസാരിക്കുന്നതെന്ന് ബോധ്യമായ മലയാളികളും മാനേജറുടെ അടുത്തെത്തി. അവര്‍ വൃദ്ധകളുടെ സമീപനത്തില്‍ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടു പറഞ്ഞു. ‘ഞങ്ങള്‍ വിലകൊടുത്തു വാങ്ങിയ ഭക്ഷണം എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഞങ്ങളാണ്, ഇവരല്ല.അതോടെ സംസാരം മലയാളി ആതിഥേയനും വൃദ്ധകളും തമ്മിലായി. തര്‍ക്കം രൂക്ഷമായതോടെ വൃദ്ധകളിലൊരാള്‍ ഫോണ്‍ ചെയ്തു. അവര്‍ തര്‍ക്കിച്ചുനില്‍ക്കവേ മിനിറ്റുകള്‍ക്കകം പരിശോധനാ ഉദ്യോഗസ്ഥരെത്തി. മേശപ്പുറത്ത് ഭക്ഷണാവശിഷ്ടം നേരില്‍ക്കണ്ട ഉദ്യോഗസ്ഥര്‍ മലയാളികളുടെ മേല്‍ അമ്പത് മാര്‍ക് പിഴ ചുമത്തി. ഇതിനെ ചോദ്യം ചെയ്ത് കേരളീയ സുഹൃത്ത് പറഞ്ഞു: ‘ഞങ്ങള്‍ വാങ്ങിയ ഞങ്ങളുടെ ഭക്ഷണം മുഴുവന്‍ കഴിക്കണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് ഞങ്ങളല്ളേ? ഞങ്ങളുടെ അവകാശത്തില്‍ എന്തിന് മറ്റുള്ളവര്‍ ഇടപെടുന്നു?
ഇതിന് ജര്‍മന്‍ ഉദ്യോഗസ്ഥരുടെ മറുപടി വ്യക്തവും ശക്തവുമായിരുന്നു. ‘പണമേ നിങ്ങളുടേതായുള്ളൂ. ഭക്ഷ്യവിഭവങ്ങള്‍ നിങ്ങളുടേതല്ല; സമൂഹത്തിന്‍േറതാണ്. ജനങ്ങള്‍ക്ക് ഉപകരിക്കുന്ന ആഹാരസാധനങ്ങള്‍ നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.’
പടിഞ്ഞാറന്‍ നാടുകളില്‍ ആരും ഭക്ഷണാവശിഷ്ടം പാഴാക്കാറില്ല. റസ്റ്റാറന്‍റുകളില്‍ പോലും കഴിച്ചത് ബാക്കി വന്നാല്‍ ബാഗിലാക്കി വീട്ടില്‍ കൊണ്ടുപോവാറാണ് പതിവ്. അതിനുമാത്രമായി എല്ലാ റസ്റ്റാറന്‍റുകളിലും ഡ്രാഗി ബാഗുകളുണ്ടാവും.
പാശ്ചാത്യരെ പിന്തുടരുന്നതില്‍ കേരളീയര്‍ ഒട്ടും പിറകിലല്ല. എന്നാല്‍, നല്ല കാര്യങ്ങളല്ല മിക്ക അനുകരണവും. നമുക്കില്ലാത്ത പല നല്ല മൂല്യങ്ങളും പടിഞ്ഞാറന്‍ നാടുകളിലുണ്ട്. അവയൊന്നും ഇവിടെ പകര്‍ത്തപ്പെടാറില്ല. അതോടൊപ്പം എല്ലാ വൃത്തികേടുകളും അതേപടി പിന്‍പറ്റുകയും ചെയ്യുന്നു.
കേരളീയ നഗരങ്ങളിലെ ഓരോ വീട്ടിലെയും മാലിന്യശേഖരങ്ങളില്‍ എത്രമാത്രം ഭക്ഷണമാണ് പാഴാക്കിക്കളയുന്നതെന്ന് ശുചീകരണവൃത്തികളിലേര്‍പ്പെട്ട കുടുംബശ്രീ ജീവനക്കാരികളോട് ചോദിച്ചാലറിയാം. ഓരോ ദിവസവും അല്‍പമെങ്കിലും ആഹാരം പാഴാക്കാത്ത ഇടത്തരം കുടുംബങ്ങളോ സമ്പന്ന വീടുകളോ പട്ടണങ്ങളില്‍ കാണുക പ്രയാസം. കല്ല്യാണങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും അനേകം ഇനം വിഭവങ്ങളുണ്ടാക്കുന്നു.അവയുടെ വൈവിധ്യങ്ങളുടെ ആധിക്യം ഇന്ന് അന്തസ്സിന്‍െറ അടയാളമായിമാറിയിരിക്കുന്നു. പലരും പല വിഭവങ്ങളുമുണ്ടാക്കുന്നത് സ്വയം കഴിക്കാനോ അതിഥികളെ തീറ്റാനോ അല്ല. പൊങ്ങച്ച പ്രകടനത്തിന് പ്രദര്‍ശിപ്പിക്കാനാണ്.
ഓരോ ഇനം മാംസംകൊണ്ടും അനേകതരം ആഹാരസാധനങ്ങളുണ്ടാക്കുന്നു. കൂടാതെ മത്സ്യവും പച്ചക്കറികളുമുപയോഗിച്ച് ഒട്ടുവളരെ വിഭവങ്ങളൊരുക്കുന്നു. പലയിനം പഴങ്ങളും മധുരപദാര്‍ഥങ്ങളും തയാറാക്കുന്നു.എല്ലാം രുചി നോക്കാന്‍ പോലും സാധിക്കാത്ത അത്രയും വിഭവങ്ങള്‍. അതുകൊണ്ടുതന്നെ ഓരോ കല്യാണത്തിലും സല്‍ക്കാരത്തിലും പാഴാക്കപ്പെടുന്നത് പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും ഭക്ഷ്യവസ്തുക്കളാണ്്. ആഘോഷവേളകളിലും ഇതുതന്നെ സംഭവിക്കുന്നു. ഓരോ ദിവസവും ഒരൊറ്റ പട്ടണത്തില്‍ മാത്രം പാഴായിപ്പോകുന്ന ഭക്ഷ്യവിഭവങ്ങള്‍ ആ പട്ടണത്തിലെ പാവപ്പെട്ടവരുടെ പട്ടിണി മാറ്റാന്‍ പലപ്പോഴും പര്യാപ്തമായേക്കാം.
യഥാര്‍ഥത്തില്‍ പ്രശ്നം ഭക്ഷ്യപദാര്‍ഥങ്ങളുടെ അഭാവമല്ല.അവയുടെ നീതിപൂര്‍വകവും സന്തുലിതവുമായ വിതരണം നടക്കുന്നില്ളെന്നതാണ്. ഒരുഭാഗത്ത് ആഹാരവസ്തുക്കള്‍ കുന്നുകൂടിക്കിടക്കുമ്പോള്‍ മറുഭാഗത്ത് എല്ലാം ഒഴിഞ്ഞുകിടക്കുന്നു. ചിലര്‍ ഭക്ഷ്യസാധനങ്ങള്‍ പാഴാക്കികളയുമ്പോള്‍ വേറെ ചിലര്‍ അതു കിട്ടാതെ പ്രയാസപ്പെടുന്നു.
ധൂര്‍ത്തും ദുര്‍വ്യയവും കേരളീയ സമൂഹത്തിന്‍െറ മുഖമുദ്രയായി മാറിയിരിക്കുന്നു. മിതവ്യയം ശക്തമായി അനുശാസിക്കുകയും ധൂര്‍ത്തിനെ കഠിനമായി വിലക്കുകയും ചെയ്യുന്ന മതത്തിന്‍െറ അനുയായികളാണ് മതമില്ലാത്തവരേക്കാള്‍ ഇതില്‍ മുന്നിലെന്നതാണ് ഏറെ വിചിത്രം.ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയില്‍നിന്ന് പ്രാര്‍ഥനക്ക് അംഗശുദ്ധി വരുത്തുമ്പോള്‍ പോലും വെള്ളം പാഴാക്കരുതെന്ന് മതം നിഷ്കര്‍ഷിക്കുന്നു. ധൂര്‍ത്ത് പൈശാചികമാണെന്ന് പഠിപ്പിക്കുന്നു. ഒരൊറ്റ വറ്റുപോലും പാഴാക്കിക്കളയരുതെന്ന് ശക്തമായി ആഹ്വാനം ചെയ്യുന്നു. നഷ്ടപ്പെടുത്തുന്ന ഓരോ വറ്റും പിശാചിനുള്ള ആഹാരമാണെന്ന് ഉണര്‍ത്തുന്നു. എന്നിട്ടും ആരാധനാനുഷ്ഠാനങ്ങളില്‍ തികഞ്ഞ നിഷ്ഠയും കണിശതയും പുലര്‍ത്തുന്നവര്‍ പോലും ഭക്ഷ്യവിഭവങ്ങള്‍ വരെ പാഴാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.
ഇവിടത്തെ വായുവും വെള്ളവും അരിയും ഗോതമ്പും മാംസവും മത്സ്യവുമൊന്നും നമ്മുടേതല്ല. അവയുടെയൊക്കെ ഉടമസ്ഥത സ്രഷ്ടാവായ ദൈവത്തിനാണ്്.മനുഷ്യര്‍ക്കുള്ളത് ഉപയോഗാനുമതിയാണ്. അതും അനിയന്ത്രിതമല്ല. ദൈവ നിശ്ചിതമായ സാമൂഹിക താല്‍പര്യങ്ങളാല്‍ നിയന്ത്രിതമാണ്. അതുകൊണ്ടുതന്നെ വായുവും വെള്ളവും അന്നപാനീയങ്ങളുമെല്ലാം സമൂഹത്തിന്‍െറതാണ്. ഓരോ വ്യക്തിക്കും അത്യാവശ്യമുള്ളതില്‍ മാത്രമേ അവകാശമുള്ളൂ.അതിനപ്പുറം പ്രവേശിക്കുന്നതും അതിരു ലംഘിക്കുന്നതും കടുത്ത അപരാധമാണ്. അവ നശിപ്പിക്കുന്നതോ മാപ്പര്‍ഹിക്കാത്ത കുറ്റവും. പൊതുജീവിതത്തില്‍ മതമില്ലാത്ത പാശ്ചാത്യരുടെ മാതൃകയെങ്കിലും ഭക്ഷ്യവസ്തുക്കള്‍ പാഴാക്കാതിരിക്കുന്നതില്‍ നാം പിന്തുടര്‍ന്നിരുന്നെങ്കില്‍!

Thursday 8 December 2011

ജോലി ചെയ്യുന്നവര്‍ക്ക് അതിനു തക്കതായ പ്രതിഫലം

എന്തുകൊണ്ട് ഈ സമരം കൊല്ലത്തും അമൃതയിലും ആയിട്ട് ഒതുങ്ങി നില്‍ക്കുന്നു?! ഇതിലും കുറച്ചു ശമ്പളം നല്‍കുന്ന എത്ര ആശുപത്രികള്‍ വേറെ ഉണ്ട് കേരളത്തില്‍ ? ഇത് ഒരു സംഘടിത ശ്രമമാണ്, ശബരിമലയ്ക്ക് വരുന്ന അയ്യപ്പന്മാരെ ആക്രമിക്കുന്ന അതെ ബുദ്ധി. ഇത് തിരിച്ചറിയുക, ഇതിനെതിരെ പ്രതികരിക്കുക. ജോലി ചെയ്യുന്നവര്‍ക്ക് അതിനു തക്കതായ പ്രതിഫലം വേണം, തെങ്ങ് കയറുന്നവന് ഇരുപതിനായിരം കിട്ടുമ്പോള്‍ നേഴ്സിനു കിട്ടുന്നത് മൂവായിരം എന്നത് കുറച്ചു കഷ്ടമാണ്. ഓരോ മേഘലയിലും കൊടുക്കേണ്ട അടിസ്ഥാന ശമ്പളം എത്രയെന്നു സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഇവിടെ സമരങ്ങളുടെ ആവശ്യം ഉണ്ടോ ?

Tuesday 29 November 2011

ഒരു നാടിനെ എങ്ങനെ നന്നാക്കാം?

ഒരു നാടിനെ എങ്ങനെ നന്നാക്കാം? ഒരു നാട് എന്നാല്‍ പല പല സംസ്കാരങ്ങളില്‍ ഉള്ള ജനങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു സമൂഹം ആണ് ഉള്ളടക്കം . ഒരു സമൂഹത്തില്‍ പല പല കുടുംബങ്ങള്‍ , പല പല വ്യക്തികള്‍ ..., വിവിധ തരക്കാര്‍. ഞാഞ്ഞൂല്‍ മുതല്‍ രാജവെമ്പാല  വരെ... വ്യക്തികള്‍ ഉള്‍കൊണ്ട സമൂഹത്തെ നന്നാക്കാന്‍ എന്താണ് ആദ്യം ചെയ്യേണ്ടത്? വ്യക്തിയെ നന്നാക്കുക. എങ്ങനെ? ഒരു വ്യക്തി  നന്നായാല്‍ ഒരു കുടുംബവും അതിലൂടെ സമൂഹവും, ഒരു രാഷ്ട്രവും നന്നാകും.   

mullaperiyar

രണ്ട് അയല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഈ ടോം ആന്‍ഡ് ജെറി ഷോ 13 കൊല്ലമായി ഇട്ടിഴക്കുന്ന മറ്റൊരു കക്ഷിയുണ്ട് -പേര്, സുപ്രീംകോടതി കുഴിതോണ്ടി കുളമാക്കുന്നവര്‍ വിജു വി. നായര്‍ ഒരുനാടിന് വെള്ളംകൊടുക്കാന്‍ 999 കൊല്ലത്തെ പാട്ടക്കരാറുവെച്ചൊരു അണകെട്ടുക. അതിന്‍െറ സുഗമായുസ്സ് 50 കൊല്ലം മാത്രമെന്ന് കെട്ടിയവര്‍തന്നെ പറയുക. അപ്പോള്‍, ശിഷ്ടം 949 കൊല്ലത്തെ കാര്യമെങ്ങനെ? പത്മനാഭന്‍െറ മടിക്കുത്തില്‍ ഒരു ദേശത്തിന്‍െറ സമ്പാദ്യം പൂഴ്ത്തിയിട്ട്, കണ്ടില്ളേ ഞങ്ങളെത്ര ദീര്‍ഘദര്‍ശികളായ പ്രജാപതികള്‍ എന്ന് ഉളുപ്പില്ലാതെ ഞായംപറയുന്നവര്‍ ഈ ലളിതവസ്തുത കാണാതെ പോയതെന്ത്? കരാറുണ്ടാക്കിയ കാലത്ത് അങ്ങനെ ചോദിച്ചാല്‍ തലകാണില്ല. എന്നാല്‍, ജനായത്ത കേരളമായി പുരോഗമിച്ചപ്പോള്‍ ചോദ്യമാകാമായിരുന്നു.കൊടികെട്ടിയ ഇ.എം.എസ് തൊട്ട് അതിവേഗം കുഞ്ഞൂഞ്ഞുവരെ മഹാന്മാരാരും ചോദിച്ചില്ല. അച്യുത മേനോന്‍െറ കാലത്ത് കരാര്‍ പുതുക്കിക്കൊടുക്കുകയും ചെയ്തു. ഭൂകമ്പം വിളവെടുപ്പുനടത്തുന്ന ഒരു മലമ്പ്രദേശത്ത് അറിഞ്ഞുകൊണ്ട് വെച്ചുനടത്തുന്ന ഈ അപായക്കളിക്ക് ഒത്താശചെയ്യാന്‍ പെണ്ണും പണവും തോട്ടങ്ങളുംവരെ കൈപ്പറ്റിയ അതിമിടുക്കരും ഇക്കൂട്ടത്തിലുണ്ട്. അങ്ങനെ മൂടിപ്പൊതിഞ്ഞുവെച്ച മുല്ലപ്പെരിയാര്‍ പ്രശ്നം കേരളത്തില്‍ ചാനല്‍പ്രളയമുണ്ടായതോടെ ആഘോഷവിഭവമായി. ‘സീസണാ’യാല്‍ കാമറകള്‍ ഡാമില്‍ പോയിവരും. ഉടനെ രാഷ്ട്രീയ കേരളം കണ്ഠക്ഷോഭം തുടങ്ങും -നാലു ജില്ലകളിതാ അറബിക്കടലില്‍ പോകുന്നേ, രക്ഷിക്കണം. ആരാണ് രക്ഷിക്കേണ്ടത്? ഡാമിന്‍െറ ഉപഭോക്താക്കളായ തമിഴ്നാട് ഉടന്‍ പ്രതികരിക്കും: ‘മിണ്ടിയാല്‍ ചരക്കുവണ്ടി വാളയാറു കടത്തില്ല’. എന്തും കാശുകൊണ്ട് സാധിച്ചുകളയാമെന്ന കുപ്രസിദ്ധ റെമിറ്റന്‍സ് ഇക്കണോമിയുടെ നെഗളിപ്പ് വൈക്കോ അണ്ണാച്ചിമാരുടെ ഈ തിണ്ണമിടുക്കില്‍ വെട്ടിത്തീരുന്നു. ഉപഭോഗ മൂഷികരുടെ മര്‍മത്തിലാണ് ഉല്‍പാദക മാര്‍ജാരന്‍െറ പിടി. അതോടെ ‘പ്രബുദ്ധ’ കേരളം അടവുനയമിറക്കും -കേസ് കോടതിയിലാണ്, നമ്മള്‍ മാന്യന്മാരാണ്, സൗണ്ട് ബൈറ്റിന് അവധി. രണ്ട് അയല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഈ ടോം ആന്‍ഡ് ജെറി ഷോ 13 കൊല്ലമായി ഇട്ടിഴക്കുന്ന മറ്റൊരു കക്ഷിയുണ്ട് -പേര്, സുപ്രീംകോടതി. എട്ടുകൊല്ലം വേണ്ടിവന്നു ഇതൊരു ജലതര്‍ക്കമല്ളെന്ന് പരമോന്നത നീതിപീഠത്തിന് തിരിയാന്‍. എന്നിട്ടോ? സുരക്ഷാപേരില്‍ കേരളം കുറച്ചെടുത്ത ജലനിരപ്പ് (41.5 മീറ്റര്‍), പഴയ നിലയിലേക്ക് (43.28 മീ.) സുരക്ഷിതമാക്കാന്‍ ഉത്തരവ് -ഡാമിനെ ശക്തിപ്പെടുത്തേണ്ട പണി തമിഴ്നാട് ചെയ്യും, കേരളം ഇടങ്കോലിടരുത്. 50 കൊല്ലം ആയുസ്സ് പറഞ്ഞൊരു നിര്‍മിതിക്ക് വയസ്സ് 110 ആയപ്പോഴുള്ള ഈ നീതിന്യായംവെച്ചാല്‍ പാട്ടക്കരാറിന്‍െറ ശിഷ്ടം 889 കൊല്ലത്തെ കഥയെന്താവുമെന്നത് ഊഹിക്കാം -വെള്ളമെടുക്കുന്നവന്‍ ഡാം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കും, ബാക്കിയുള്ളവര്‍ കണ്ടുകണ്ടങ്ങിരിക്കും.തമിഴനായ കേന്ദ്ര ജലമന്ത്രി സൂത്രത്തില്‍ തിരുകിയ ഒരു ‘വിദഗ്ധ’ സമിതിയുടെ റിപ്പോര്‍ട്ട് വെച്ചാണ് കോടതി ഈജാതി വിവേകത്തിലേക്ക് പുരോഗമിച്ചതെന്നതൊക്കെ വിടാം. അതുകൊണ്ടൊരു ഗുണമുണ്ടായി -ചരിത്രത്തിലാദ്യമായി കേരളത്തിലെ ഭരണരാഷ്ട്രീയക്കാര്‍ ഒന്നുണര്‍ന്നു. മന്ത്രി പ്രേമചന്ദ്രന്‍ ‘മുല്ലപ്പെരിയാര്‍ സെല്‍’ തന്നെയുണ്ടാക്കി കേസ് മൂപ്പിക്കാനിറങ്ങി. വികാരവിരട്ടും ഉരുട്ടിപ്പിരട്ടുംകൊണ്ട് ആക്രമിച്ചുകളിച്ചുപോന്ന തമിഴ്ലോബി ഇതാദ്യമായി പ്രതിരോധത്തിലായി. തമിഴ്നാടിന്‍െറ പ്രശ്നം പ്രത്യക്ഷത്തില്‍ നിര്‍ദോഷമാണ്. മഴനിഴല്‍പ്രദേശത്തുപെട്ട അവരുടെ അഞ്ചു ജില്ലകള്‍ക്ക് വെള്ളവും ലേശം കറന്‍റും കിട്ടാന്‍ ഈ ഡാമാണ് ആശ്രയം. ആ വെള്ളം വെച്ചാണവര്‍ കേരളത്തെ തീറ്റിപ്പോറ്റാന്‍ വേണ്ട ചരക്കിനം പലതുമുണ്ടാക്കുന്നതും. അപ്പോള്‍, ഡാമിന്‍െറ സുരക്ഷയില്‍ തങ്ങള്‍ കൂടുതല്‍ തല്‍പരര്‍ എന്നുകൂടി പറഞ്ഞുവെക്കും. കേട്ടാല്‍ ന്യായം. ഡാം പൊളിഞ്ഞാല്‍ ഇപ്പറയുന്ന വെള്ളം മുട്ടില്ളേ, അഞ്ചു ജില്ലകളുടെ കാര്യവും മുട്ടില്ളേ? എങ്കില്‍പിന്നെ പഴയതു പൊളിച്ചിട്ട് പുതിയൊരെണ്ണം കെട്ടി കരാര്‍ ഉറപ്പിക്കുന്നതിനെ എതിര്‍ക്കേണ്ടതുണ്ടോ? ഇവിടെയാണ് നിര്‍ദോഷ ലൈനിനു പിന്നിലെ കുരുട്ടുബുദ്ധി. പണ്ടു പുതുക്കിയ പാട്ടക്കരാര്‍ അനുസരിച്ച് മുല്ലപ്പെരിയാറിലെ തറവാടകയും ജലവിലയും അവിടത്തെ വെള്ളംകൊണ്ടുണ്ടാക്കുന്ന കറന്‍റിന്‍െറ റോയല്‍റ്റിയുമെല്ലാം ചേര്‍ത്ത് കേരളത്തിന് നല്‍കിവരുന്നത് പത്തേകാല്‍ ലക്ഷം രൂപ. പുതിയ ഡാം വന്നാല്‍ പുതിയ നിരക്കുവരും. എല്ലാംകൂടി കുറഞ്ഞത് 520 കോടി കേരളത്തിനു കൊടുക്കേണ്ടിവരും. ആക്രിവിലക്ക് കുശാലായി നടത്തിവരുന്ന കലാപരിപാടി ഭാരിച്ച ചെലവുള്ളതാകും. മറ്റൊന്ന്, പുതിയ ഡാമിന്‍െറ ഉടമസ്ഥാവകാശമാണ്. ഭൂമിശാസ്ത്രപരമായി കേരളത്തിനുള്ളിലായതിനാല്‍ ഡാമിന്‍െറ ഉടമ കേരളമാകും. സ്വാഭാവികമായും അവിടെനിന്നുള്ള വെള്ളത്തിന്‍െറ നിയന്ത്രണം ഉടമക്കാവും. കരാറൊക്കെ വെച്ചാലും ഭാവിയില്‍ സംഗതി ഭേദഗതി ചെയ്യപ്പെടില്ളെന്നതിന് ഒരുറപ്പുമില്ല. അതുകൊണ്ട് പുതിയ ഡാമിന്‍െറ ഉടമസ്ഥതയും നിയന്ത്രണാധികാരവും തങ്ങള്‍ക്ക് കിട്ടണമെന്ന് തമിഴ്നാട് കലശലായി ഇച്ഛിക്കുന്നു. ഇപ്പോള്‍ കോയമ്പത്തൂരിനും പൊള്ളാച്ചിക്കും വെള്ളം കൊടുക്കുന്ന പാലക്കാട്ടെ ശിരുവാണി ഡാമിന്‍െറ മാതൃകയാവാമെന്ന് കേരളം പറഞ്ഞപ്പോള്‍ തമിഴ്നാട് നിഷേധിച്ചതിന്‍െറ പൊരുളതാണ്.എന്നാല്‍, അതൊരാവശ്യമായി ഉന്നയിക്കാന്‍ തല്‍ക്കാലം നിയമയുക്തിയില്ല. സുരക്ഷാഭീഷണി എന്ന യുക്തിയിലൂന്നുന്ന കേരളത്തെ ഇതേ ഭീഷണി മൂര്‍ച്ഛിക്കുന്ന മുറക്ക് മുള്‍മുനയില്‍ നിര്‍ത്തി കാര്യം സാധിക്കാമെന്നൊരു വക്രതന്ത്രമുണ്ട്. അത് പ്രകടമാക്കിയിട്ടില്ളെന്നേയുള്ളൂ. ഇതിലൊക്കെ വലിയ ഉത്കണ്ഠ, വാസ്തവത്തില്‍ പുതിയ ഡാം ഉദ്ദേശിക്കുംവിധം പണിയുമോ എന്നതാണ്. കേരളരാഷ്ട്രീയക്കാരെ തമിഴര്‍ക്ക് പൊതുവേ വിശ്വാസമില്ല. മുല്ലപ്പെരിയാര്‍ കാര്യത്തില്‍ത്തന്നെ എത്രയോ കേരള സിംഹങ്ങളുടെ അഴിമതിമുഖം അവര്‍ നേരില്‍ കണ്ടതാണ്. ഇവറ്റകള്‍ തരംപോലെ കാലുമാറില്ളെന്നതിന് വല്ല ഉറപ്പുമുണ്ടോ?പ്രത്യേകിച്ചും പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള കേരളത്തെ അമ്മാതിരി ‘എടങ്ങേറു’കളില്ലാത്ത തമിഴ്നാട് സംശയിക്കുന്നു. ഭൂകമ്പസാധ്യത ശക്തമാവുന്ന പ്രദേശത്ത് വീണ്ടുമൊരു വലിയ ഡാം കെട്ടാന്‍ കേരളീയര്‍ സമ്മതിക്കുമോ? ചുരുക്കത്തില്‍ തമിഴ്നാടിന്‍െറ ആശങ്കകള്‍ക്ക് അവരുടെ കാഴ്ചപ്പാടും അനുഭവവും വെച്ചുനോക്കിയാല്‍ പ്രസക്തിയുണ്ട്. കേരളത്തിന്‍െറയോ? 1970 മുതല്‍ കേരളം ഉന്നയിക്കുന്നത് ഡാമിന്‍െറ പഴക്കംമൂലമുള്ള സുരക്ഷാ ഭീഷണിയാണ്. 2006ല്‍ സുപ്രീംകോടതിയില്‍ കേസുതോറ്റതിന്‍െറ ഫലമായുണ്ടായ ഉണര്‍വിലാണ് പുതിയൊരു മാനംകൂടി ഉള്‍പ്പെടുത്തി സുരക്ഷാഭീഷണി വിപുലമാക്കിയത്- ഭൂകമ്പം. 2000 തൊട്ടിങ്ങാട്ട് പലതോതിലുള്ള കമ്പങ്ങള്‍ ഇടുക്കിമേഖലയെ ഭീഷണിപ്പെടുത്തുന്നുണ്ട്.സ്വാഭാവികമായും ആയുസ്സു പിന്നിട്ട മുല്ലപ്പെരിയാര്‍ ഡാം ഈ അപായസാധ്യതയിലെ ഒന്നാം റാങ്കുകാരനാകുന്നു. അതുകൊണ്ട്, പൊളിച്ചുമാറ്റി പുതിയൊരെണ്ണം കെട്ടാനുള്ള പദ്ധതിയുണ്ടാക്കുന്നു. ബന്ധപ്പെട്ടവരുടെയെല്ലാം അനുമതി കിട്ടുന്ന മുറക്ക് നാലുകൊല്ലംകൊണ്ട് കാര്യം സാധിക്കാമെന്നാണ് പ്ളാന്‍. തമിഴരുടെ ആശങ്കയും കേരള രാഷ്ട്രീയക്കാരുടെ അവിശ്വാസ്യതയുമൊക്കെ നില്‍ക്കട്ടെ. സാക്ഷാല്‍ കേരളീയര്‍ക്ക് ഇതു നല്‍കുന്ന സന്ദേശമെന്താണ്? ഇടുക്കി തനി ഭൂകമ്പ പ്രദേശമാണെന്നതില്‍ ഭൗമശാസ്ത്രജ്ഞര്‍ക്ക് ഇപ്പോള്‍ സംശയമൊന്നുമില്ല. തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ എര്‍ത് സയന്‍സ് സ്റ്റഡീസിന്‍െറ മേധാവി കഴിഞ്ഞയാഴ്ച ഇടുക്കിക്കാരെ ഉദ്ബോധിപ്പിച്ചതുതന്നെ ‘ഇതൊരു ഭൂകമ്പമേഖലയാണ്, ഭൂകമ്പം എന്ന പ്രകൃതി പ്രതിഭാസത്തോട് സമരസപ്പെട്ടുപോകാന്‍ ശീലിക്കുകയേ നിവൃത്തിയുള്ളൂ’ എന്നാണ്.ഭൗമശാസ്ത്ര നിഗമനത്തെ തന്നെയാണ് കേരളസര്‍ക്കാറും ഇപ്പോള്‍ ആധാരമാക്കുന്നത്- മുല്ലപ്പെരിയാര്‍ വിഷയത്തില്‍. അവിടെയാണ് ക്യാച്ച്. ഇപ്പറയുന്ന ഭൂകമ്പപ്രദേശത്ത് ചെറുതും വലുതുമായ ഒരു ഡസന്‍ അണക്കെട്ടുകളുണ്ട്. അതില്‍ ഏറ്റവും വലുതാണ് ഇടുക്കിഡാം. അതിന്‍െറ നിര്‍മിതിയും ഉറപ്പും സംബന്ധിച്ച് ബന്ധപ്പെട്ട വിദഗ്ധര്‍ക്കാര്‍ക്കും ഒരു സംശയവുമില്ല. എന്നാല്‍, ഈ ഡാമിനു ചുറ്റിലുമുള്ള മലകളുടെ കഥ അങ്ങനെയല്ല. ഭൗമശാസ്ത്രപരമായി ‘യുവാക്കളായ’ മലനിരകളാണതെല്ലാം. എന്നുവെച്ചാല്‍, വന്‍തോതിലുള്ള ജലസംഭരണം ദീര്‍ഘകാലം താങ്ങാനുള്ള കരുത്തും പ്രായവും പ്രകൃതവശാലേ അവക്കായിട്ടില്ളെന്നര്‍ഥം.ഇക്കാര്യത്തിന് പ്രകൃതി സമ്മാനിച്ച ലക്ഷണംതികഞ്ഞ സൂചനയാണ് കഴിഞ്ഞ കൊല്ലം സെപ്റ്റംബറില്‍ ഉദയഗിരിയിലുണ്ടായ ടണല്‍ ഇറോഷന്‍ അഥവാ സോയില്‍ പൈപ്പിങ്. ഇടുക്കി ജലസംഭരണിയുടെ ചുറ്റുവട്ടത്തെ മണ്ണില്‍ ഡാമിലെ ഭാരിച്ച വെള്ളക്കെട്ടുണ്ടാക്കുന്ന മാറ്റമാണ് പ്രശ്നം. ഭൗമോപരിതലത്തിന് അടിയിലേക്ക് ഈ വെള്ളം മെല്ളെയിറങ്ങുമ്പോള്‍ ഉറപ്പില്ലാത്ത മണ്ണ് (മല ചെറുപ്പമായതുകൊണ്ടുള്ള ഉറപ്പില്ലായ്മ) ഇളകിമാറുന്നു. ജലമര്‍ദം കൂടുന്തോറും ഈ മണ്ണിളക്കം അഥവാ ടണല്‍ ഇറോഷന്‍ കൂടിവരും.ഇടുക്കിഡാമിന്‍െറ ജലസംഭരണശേഷി 1.5 ബില്യണ്‍ ഘനയടിയാണ്. ഈ ഭീമന്‍ വെള്ളക്കെട്ട് സംഭരണിയുടെ അടിത്തട്ടില്‍ താഴോട്ടും വശങ്ങളിലേക്കുമായി ചെലുത്തുന്ന തള്ളല്‍ 1.5 ബില്യണ്‍ ടണ്ണാണ്. ‘യുവ’ മലകള്‍ അതു താങ്ങിക്കൊള്ളും എന്നതിന് ഒരുറപ്പും ആര്‍ക്കുമില്ല. അധികം താങ്ങില്ളെന്നതിന്‍െറ വിളംബരമായിരുന്നു ‘ഉദയഗിരിയിലെ ടണല്‍ ഇറോഷന്‍’. ഭൂകമ്പം മാത്രമല്ല ഇടുക്കിമേഖലയുടെ വെല്ലുവിളി എന്നുസാരം. ഭൂകമ്പവും ടണല്‍ ഇറോഷനും ഡസന്‍ അണക്കെട്ടുകളും ചേര്‍ന്ന് ദുരന്തങ്ങളുടെ മേല്‍ത്തരം അപേക്ഷാര്‍ഥിയാക്കി വെച്ചിരിക്കുന്ന ഒരു പ്രദേശത്തുതന്നെയാണ് പുതിയൊരു ഡാം കൂടി കെട്ടാനുള്ള കൊട്ടിഘോഷം.മുല്ലപ്പെരിയാറിന്‍െറ ഭീഷണിക്ക് പോംവഴിയായി അതിലും വലിയൊരു ബോംബൊരുക്കല്‍. 663 കോടി ചെലവിട്ട് കേരളം അതിനിട്ടുതന്നെ വെക്കുന്ന തനതു ബോംബ്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും അപായകരമായ ഈ ഊളത്തത്തിന് ഹുറേ വിളിക്കുന്ന മത്സരത്തിലാണ്. പറയുന്ന ന്യായമോ ഭൂകമ്പമുനയില്‍ നില്‍ക്കുന്ന മുല്ലപ്പെരിയാറും, നാലു ജില്ലകളിലെ 40 ലക്ഷം ജീവന്‍െറ പ്രശ്നവും. ഇതേ ഭൂകമ്പമുനയില്‍ നില്‍ക്കുന്ന മറ്റു 12 ഡാമുകളുടെ കഥയിരിക്കട്ടെ. അതിലേക്കൊരു പതിമൂന്നാമനെ പ്രതിഷ്ഠിക്കുന്നതിന്‍െറ യുക്തിയെന്താണ്? പുതിയ ഡാമുകളെ ഭൂകമ്പത്തിനെന്താ പേടിയാണോ? ലോകവ്യാപകമായി വന്‍കിട ഡാമുകള്‍ ഒഴിവാക്കപ്പെടുകയും ചെറുകിട ഡാമുകളുടെ എണ്ണം കൂട്ടി ജലാവശ്യം പരിഹരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് വൈകാരിക രാഷ്ട്രീയംകൊണ്ട് തിണ്ണമിടുക്കു കാണിക്കുന്ന തമിഴനും അതിന് സംഘടിത ഊളത്തംകൊണ്ട് ബദലൊരുക്കുന്ന മലയാളിയും ചേര്‍ന്ന് ഒരു പ്രശ്നം പരിഹരിക്കുകയല്ല, കുഴിമാന്തി കുളമാക്കുകയാണ്. വൈക്കോമാരും പുരട്ചി തലൈവികളുമില്ലാത്ത കേരളത്തില്‍ ആ കുറവിപ്പോള്‍ പരിഹരിക്കുന്നത് മാധ്യമങ്ങളാണ്. വിശേഷിച്ചും ചാനലുകള്‍.മുല്ലപ്പെരിയാര്‍വെച്ച് അവരിപ്പോള്‍ കളിക്കുന്നത് ഡൂംസ്ഡേ വിനോദമാണ്. അത്യാഹിതം വരുന്നേ എന്ന് മൈക്കുവെച്ച് ഭയരോഗം പടര്‍ത്തിവിറ്റാണ് മത്സരക്കമ്പോളത്തിലെ ഉപജീവനം. പറ്റിയ ലൂസിഫറിനെയും കിട്ടി -വികാര വിശ്വംഭരനായ തമിഴന്‍. അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ കാണാതെ മനുഷ്യരെ വിരട്ടിയും വിഭജിച്ചും ഹ്രസ്വകാല കാര്യസാധ്യം നടത്തുന്ന തറരാഷ്ട്രീയക്കാരും ഈ കുരുടന്മാരും തമ്മിലെന്തുണ്ട് വ്യത്യാസം? വകതിരിവില്ലാത്ത ഈ അശനിപാതങ്ങളേക്കാള്‍ എത്രയോ ഭേദമാണ് ഭൂകമ്പം.

Monday 28 November 2011

malayali

തമിഴും മലയാളവും എന്ന് നമ്മള്‍ ഒരു പ്രശ്നത്തെ തരാം തിരിക്കണോ? ഒരു പ്രശ്നത്തെ അത് അര്‍ഹിക്കുന്ന ഗൌരവത്തോടെ നമുക്ക് നോക്കി കണ്ടു കൂടെ ..., എത്ര നാള്‍ നമ്മള്‍ വഴി തടയും? അത് കൊണ്ട് ബുദ്ധിമുട്ടുന്നത് ആര് ? മലയാളികളെ ബുദ്ധിമുട്ടിക്കാന്‍ മലയാളികള്‍ തന്നെ നടത്തുന്ന ഒരു വ്യായാമം അല്ലെ ഈ വഴി തടയല്‍ സമരം? ക്രിസ്തുമസ് വരെ ഈ രീതിയില്‍ വഴി തടഞ്ഞാല്‍ ഒരു കിലോ കോഴി കിട്ടണമെങ്കില്‍ ആയിരം രൂപ കൊടുകേണ്ടി വരും..., അത് സഹികേണ്ടി വരുന്നതും പാവം മലയാളികള്‍ തന്നെ..., വഴി തടയലോ, ഹര്‍ത്താലോ, ഇതിനു ഒരു പരിഹാരമല്ല...., ക്രിയാത്മകമായി ചിന്തിക്കൂ ... ക്രിയാത്മകമായി പ്രതികരിക്കൂ.     

കോഴി കൂവിയത് കൊണ്ട് ഒരിക്കലും സൂര്യന്‍ ഉധിചിട്ടില്ല ..., അങ്ങനെ അഹങ്കരിക്കാന്‍ കോഴിയും ശ്രമിക്കാറില്ല .

നിങ്ങള്‍ തന്നെയല്ലേ തമിഴ് സിനിമക്ക് പോസ്റ്റര്‍ ഒട്ടിച്ചത് ....., നിങ്ങള്‍ തന്നെയല്ലേ സൂര്യക്കും വിജയിനും 
പാലഭിഷേകം നടത്തിയത് .....,അവരുടെ പടങ്ങളെ സൂപ്പര്‍ ഹിറ്റ്‌ ആക്കിയത് ..... നിങ്ങള്‍ അവരോടും പോയി ചോദിക്കൂ മുല്ലപെരിയാരിനു വേണ്ടി നിരാഹാരം കിടക്കാന്‍.... ,എന്തിനു വെറുതെ ഈ വ്യായാമം ., ചെയ്യാനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമ്പോള്‍......, കോഴി കൂവിയത് കൊണ്ട് ഒരിക്കലും സൂര്യന്‍ ഉധിചിട്ടില്ല ..., അങ്ങനെ അഹങ്കരിക്കാന്‍ കോഴിയും ശ്രമിക്കാറില്ല .

Monday 21 November 2011

ആത്മഹത്യ

എങ്ങനെയാണ് ആത്മഹത്യ ചെയ്യാന്‍ കഴിയുന്നത്‌ ?
വേറെ എന്തെല്ലാം വഴികള്‍ ഉണ്ട് നമുക്ക്?
ഇതുഒരു ഒളിച്ചോട്ടം മാത്രമല്ലേ ? സ്വാര്‍ത്ഥത അല്ലാതെ എന്താണ് ?